Society Today
Breaking News

കൊച്ചി: ചരിത്ര പ്രസിദ്ധമായ വല്ലാര്‍പാടം പള്ളിയുടേയും പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ അത്ഭുത ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറ് വര്‍ഷം പൂര്‍ത്തിയാകുന്ന മഹാ ജൂബിലി ആഘോഷങ്ങള്‍ക്ക് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി.  ഇന്നലെ വൈകീട്ട് 3.30 ന് വല്ലാര്‍പാടത്തേ ആദ്യ ദോവലയം സ്ഥിതി ചെയ്തിരുന്നുവെന്ന് വിശ്വസിക്കുന്ന പഴയ പള്ളിക്കല്‍ പരിസരത്ത് നിന്ന് ആരംഭിച്ച വര്‍ണ്ണാഭമായ ജൂബിലി വിളംബര റാലി, ഹൈബി ഈഡന്‍ എം.പി. ഉത്ഘാടനം ചെയ്തു.

 വിശുദ്ധരുടെ വേഷം ധരിച്ചവര്‍, പരമ്പരാഗത വസ്ത്രധാരികള്‍, വിവിധ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, എന്നിവ റാലിയില്‍ അണിനിരന്നു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. റാലി ഫ് ളാഗ് ഓഫ് ചെയ്തു. മുളവുകാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.അക്ബര്‍ അധ്യക്ഷനായിരുന്നു. ഗോശ്രീ റോഡ് വഴി റാലി ബസിലിക്കയിലെത്തിയപ്പോള്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത  ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം ജൂബിലി കവാടത്തിലൂടെ ദേവാലയത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ജൂബിലി നാളം തെളിച്ച് ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിര്‍വ്വഹിച്ചി. ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന നിത്യാരാധനാലയത്തിന്റെ അടിസ്ഥാന ശിലയുടെ വെഞ്ചിരിപ്പും, കൃതജ്ഞത ഗാനത്തിന്റെ പ്രകാശനവും ആര്‍ച്ച്ബിഷപ്പ് നിര്‍വ്വഹിച്ചു

. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തിരുസ്വരൂപ പ്രയാണത്തിന് ആരംഭം കുറിക്കുകയും ഇടവകയിലെഎല്ലാ ഭവനങ്ങളിലേക്കുമുള്ള ജൂബിലി പതാകകള്‍ ആശീര്‍വദിച്ചു നല്‍കുകയും ചെയ്തു. ഫാ. ഐസക് കുരിശിങ്കല്‍ വചനപ്രഘോഷണകര്‍മ്മം നിര്‍വ്വഹിച്ചു.മഹാജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന ആധ്യാത്മിക  സാംസ്‌ക്കാരിക പരിപാടികള്‍ക്ക് പുറമേ, വിവിധ ചരിത്ര സെമിനാറുകള്‍, അടിസ്ഥാന സൗകര്യ വികസനം, സാധുജന സേവനം, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കും. ബസിലിക്ക റെക്ടര്‍ ഫാ.ആന്റണി വാലുങ്കല്‍, ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കൊറയ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Top